കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.
കോട്ടയത്തെ സംഭവത്തിന് പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പൊലീസ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു.