കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴി. ഒന്നര വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. നീതുവിന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇത് മറച്ചുവെച്ച് ഇബ്രാഹിമിനെ പറഞ്ഞ് വിശ്വസിപ്പിച്ചത് താൻ വിവാഹമോചിതയാണെന്നാണ്. ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും ചെയ്തത് ഇതിന് ശേഷമാണ്.
നീതു ഗർഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭർത്താവിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഇതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് ചിത്രീകരിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിനായി വിശദമായ ആസൂത്രണം തന്നെ നീതു നടത്തിയിരുന്നു. നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു. ഈ വിവരങ്ങൾ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉൾപ്പെടെ പോലീസ് കടക്കും.
ജില്ലാ പോലീസ് മേധാവി ഡി.ശിൽപ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യൽ നടത്തുക. നീതുവിന്റെ ഭർത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇവർക്കാർക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.
ചോദ്യം ചെയ്യലിന് ശേഷം ജില്ലാ പോലീസ് മേധാവി ഇന്ന് മാധ്യമങ്ങളെ കാണും. വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇവർക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും ഇവർ പരസ്പരബന്ധമില്ലാതെ മറുപടി നൽകുന്നതും പോലീസിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഇബ്രാഹിമിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് പോലീസ് കരുതുന്നത്.