തിരുവനന്തപുരം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട കുളത്തുമ്മൽ സ്വദേശി അമനെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കോട്ടൂരിലെ കോളനിയിൽ രണ്ടു ദിവസം മുമ്പ് കഞ്ചാവ് വിൽക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. കോളനിയിലെ സജി കുമാറിന്റെ വീടിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. ഈ കേസിലെ സാക്ഷിയായ സജികുമാറിന്റെ വീട് കഴിഞ്ഞ ദിവസം ഇതേ സംഘം ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തു.
വിവരമറിഞ്ഞെത്തിയ നെയ്യാർ ഡാം പൊലീസ് സ്റ്റേഷന്റെ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു.