കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ച്ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിച്ചത്. എന്നാൽ അവിടെ തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ കുട്ടികളിലൊരാൾ ജനൽചില്ല് തകർത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
റിപ്പബ്ലിക് ദിനത്തിലാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ കടന്നുകളഞ്ഞത്. ഇവരിൽ ഒരാളെ ബെംഗളൂരുവിൽ നിന്നും ബാക്കിയുളളവരെ മൈസൂരിനു സമീപത്തുനിന്നും നിലമ്പൂർ എടക്കരയിൽനിന്നുമായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കോഴിക്കോട്ടുനിന്ന് ബസിൽ പാലക്കാട്ടെത്തുകയും അവിടെനിന്ന് ട്രെയിനിൽ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തെന്നാണ് കുട്ടികൾ പോലീസിനോടുപറഞ്ഞത്. സ്ഥലങ്ങൾ കാണാനായി പോയെന്നാണ് കുട്ടികളുടെ മൊഴി.
തിരിച്ചെത്തിയ ആറു കുട്ടികളിൽ ഒരാളെ വീട്ടുകാർ ഏറ്റെടുക്കുമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവർ ചിൽഡ്രൻസ് ഹോമിൽ തുടരാൻ താൽപര്യമില്ലെന്നും പോകില്ലെന്നും തങ്ങൾക്കെല്ലാവർക്കും ഒരുമിച്ച് പഠിക്കാൻ സൗകര്യംചെയ്തു നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.