കോഴിക്കോട് പ്രളയ ധനസഹായ തട്ടിപ്പ്: അന്വേഷണത്തിന്റെ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ

September 25, 2021
136
Views

കോഴിക്കോട്: പ്രളയ ധനസഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് സീനിയർ ഫിനാൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ബോധപൂർവം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ഡോ നരസിംഹുഗരി ടിഎൽ റെഡ്ഡി വ്യക്തമാക്കി.

ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂനിയർ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോർട്ട് ഇതിനോടകം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും കളക്ടർ വ്യക്തമാക്കി.

കോഴിക്കോട് താലൂക്കിൽ 2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ വൻതട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ് സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 2018-ൽ അടിയന്തര ധനസഹായമായ 10000 രൂപ പ്രളയബാധിതർക്ക് വിതരണം ചെയ്തതിൽ ഗുരുതര അനാസ്ഥ സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒരു അക്കൗണ്ടിലേക്ക് ഒൻപത് തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 53 ലക്ഷം രൂപയാണ് സർക്കാരിന് ഇങ്ങിനെ നഷ്ടപ്പെട്ടത്. ഈ തുക തിരിച്ചുപിടിക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്.

അടിയന്തര സഹായമായി പ്രളയ ബാധിതർക്ക് വിതരണം ചെയ്യാൻ 1.17 കോടി രൂപയോളം നീക്കിവെച്ചത് ഇപ്പോഴും വിതരണം ചെയ്യാതെ സസ്പെൻസ് അക്കൗണ്ടിൽ കിടക്കുകയാണ്. 2018-ലെ മഹാപ്രളയത്തിൽ കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000-ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുകയായി 22.35 കോടി രൂപയാണ് ആകെ വിതരണം ചെയ്തത്. പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തൻ 97600 രൂപ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *