നല്ല വസ്ത്രം ധരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ സംശയം, തെറിവിളി; കൃഷ്ണപ്രിയ നേരിട്ടത് വലിയ മാനസികപീഡനം

December 18, 2021
394
Views

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് തൊട്ടരികത്തെ വീട്ടുമുറ്റത്ത് തന്നെയാണ് കൃഷ്ണപ്രിയയ്ക്ക് ചിതയൊരുങ്ങിയത്. ആകെയുള്ള നാലര സെന്റിൽ അവൾക്ക് അന്ത്യവിശ്രമമൊരുക്കാൻ വേറെ സ്ഥലമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്ന ആ പെൺകൊടിക്ക് ഒടുവിൽ കണ്ണീരോടെയാണ് നാട് വിട ചൊല്ലിയത്.

അച്ഛൻ കാട്ടുവയൽ മനോജിൻ്റെ ഹൃദ്രോഗം ഗുരുതരമായതോടെയാണ് ഒരു കൈത്താങ്ങാവുമെന്ന് കരുതി കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലിക്ക് പോയിത്തുടങ്ങിയത്. എം.സി.എ. ബിരുദധാരിയായിരുന്നു. പക്ഷേ, കിട്ടിയ ജോലിക്ക് പോവുകയെന്നത് മാത്രമായിരുന്നു രക്ഷ. എന്നാൽ ജോലി കിട്ടിയതിന്റെ അഞ്ചാംദിനം നടുറോഡിൽ എരിഞ്ഞടങ്ങാനായിരുന്നു അവളുടെ വിധി.

നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. കൂടുതൽ അടുത്തതോടെ അവന്റെ സൈക്കോ മനസ്സ് തിരിച്ചറിഞ്ഞ കൃഷ്ണപ്രിയ പിൻമാറാൻ ശ്രമിച്ചു. നല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ പോലും അവൻ പ്രശ്നമാക്കിയതായി കൃഷ്ണപ്രിയയെ അറിയുന്നവർ പറയുന്നു. സംശയരോഗത്താൽ കൃഷ്ണപ്രിയയുടെ ഫോൺ നന്ദകുമാർ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായി. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നൽകാതെ വീട്ടുകാർ പോലും രഹസ്യമാക്കിവെച്ചത് ദുർവിധിക്കും കാരണമായി.

പാവപ്പെട്ട കുടുംബത്തെ ചേർത്ത് നിർത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാരും പാർട്ടിയുമായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാൻ വേണ്ടി പലരും മാറിക്കൊടുത്തു. അത്ര മിടുക്കിയായി പഠിച്ചിരുന്ന കൃഷ്ണപ്രിയയെ ചേർത്ത് നിർത്തുക തന്നെയായിരുന്നു നാട്ടുകാരുടേയും ലക്ഷ്യം. പക്ഷേ, എല്ലാം വെറുതെ ആയത് ഓർക്കുമ്പോൾ നാട്ടുകാർക്കും സങ്കടം സഹിക്കാനാവുന്നില്ല.

നാലര സെന്റ് സ്ഥലത്തെ ചെറിയ വീടിന്റെ നിലംപണിക്കായി കൂട്ടിയിട്ട ടൈലുകൾ ഇപ്പോഴുമുണ്ട് വീടിന്റെ ഉമ്മറത്ത്. മകൾക്ക് താത്ക്കാലികമായെങ്കിലും ഒരു ജോലി ലഭിച്ചതോടെ ഒരുപാട് സ്വപ്നങ്ങളും ആ വീട്ടുകാർ നെയ്ത് കൂട്ടിയിരുന്നു. പക്ഷേ, എല്ലാം വെറുതെയായി. ഒരിറ്റ് കണ്ണീർ പോലും പൊഴിക്കാനാവാതെ നിർവികാരനായിനിൽക്കുന്ന കാട്ടുവയൽ മനോജിനെയും കുടുംബത്തേയും എങ്ങനെ സമാധാനിപ്പിക്കണമെന്ന് നാട്ടുകാർക്കും അറിയില്ല.

വെള്ളിയാഴ്ച കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിലെത്തിച്ചത്. പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വെച്ചിരുന്നു. കൃഷ്ണപ്രിയയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തിൽ മുഖം മാത്രമാണ് അൽപം തിരിച്ചറിയാനായത്. അത് ഒരു നോക്ക് മാത്രം കണ്ട് നിൽക്കാനേ നാട്ടുകാർക്കുമായുള്ളൂ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *