തിരുവനന്തപുരം: സ്ഥിരം യാത്രക്കാർക്കായി കെഎസ്ആർടിസി സ്മാർട്ട് ട്രാവൽകാർഡുകൾ ഏർപ്പെടുത്തുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾക്കൊപ്പം ഇവ പരീക്ഷണാർഥം നടപ്പാക്കും. ഇവ ഉപയോഗിക്കാൻ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകൾ കെ.എസ്.ആർ.ടി.സി. വാങ്ങുന്നുണ്ട്. മെഷീനുകൾ എത്തുന്നതോടെ മറ്റുജില്ലയിലേക്കും ട്രാവൽ കാർഡുകൾ വ്യാപിപ്പിക്കും.
സ്ഥിരംയാത്രക്കാരെ ആകർഷിക്കാൻ പാകത്തിൽ ടിക്കറ്റ് നിരക്കിൽ ഇളവനുവദിക്കും. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല. സീസൺ ടിക്കറ്റുകളും പരിഗണനയിലുണ്ട്. സ്മാർട്ട് കാർഡിനുവേണ്ടി യാത്രക്കാരിൽനിന്ന് പണം ഈടാക്കില്ല. ഒരുവശത്ത് പരസ്യം പതിക്കുന്നതിലൂടെ കാർഡിന്റെ ചെലവ് കണ്ടെത്തും. യാത്രക്കാർക്ക് ചാർജ് ചെയ്ത് ഉപയോഗിക്കാൻ പാകത്തിലുള്ളതാണ് കാർഡുകൾ. നിശ്ചിതതുക കാർഡിലേക്കുമാറ്റാം. ടിക്കറ്റ് മെഷീനിൽ കാർഡ് കാണിച്ചാൽ മതി. പണം നൽകി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കാം.
ഒരിടവേളയ്ക്കുശേഷമാണ് ട്രാവൽകാർഡ് സംവിധാനം തിരികെയെത്തുന്നത്. 2017 ജനുവരി മുതൽ 2018 ഫെബ്രുവരിവരെ, അച്ചടിച്ച ട്രാവൽകാർഡുകൾ ഏർപ്പെടുത്തിയിരുന്നു. 5000, 3000, 1500, 1000 എന്നിങ്ങനെ നാലുനിരക്കുകളിലായി 10,234 കാർഡുകളാണ് വിതരണംചെയ്തത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് ആനുപാതികമായി മാറ്റംവരുത്താൻ കഴിയാത്തതിനെത്തുടർന്നാണ് ഇത് പിൻവലിച്ചത്. ഈ പോരായ്മ ഇപ്പോൾ പരിഹരിച്ചു. സ്മാർട്ട് കാർഡുകളിലെ നിരക്കിൽ എപ്പോൾവേണമെങ്കിലും മാറ്റംവരുത്താം. ഭാവിയിൽ യാത്രക്കാർക്ക് സ്വയം കാർഡ് ഹാജരാക്കി യാത്രചെയ്യാൻ കഴിയുന്ന വിധത്തിലേക്ക് മാറ്റാനാകും.
ടിക്കറ്റ് മെഷീൻ നൽകുന്ന കമ്പനി കെ.എസ്.ആർ.ടി.സി. ആവശ്യപ്പെടുന്നതുപ്രകാരം ട്രാവൽ കാർഡുകൾ നൽകണമെന്ന വ്യവസ്ഥയും ഏർപ്പെടുത്തി. നിശ്ചിത തുകയ്ക്ക് 24 മണിക്കൂർ യാത്രചെയ്യാൻ പാകത്തിലുള്ള ഗുഡ്ഡേ കാർഡുകളും ഉടനെത്തും. നഗരങ്ങളിലെ സർക്കുലർ സർവീസുകളിലാകും ഇവ ഏർപ്പെടുത്തുക. പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണ ഉപയോഗം തിരുവനന്തപുരം സിറ്റി, പേരൂർക്കട ഡിപ്പോകളിൽ ആരംഭിച്ചു.