കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇനി ഇരുചക്രവാഹനങ്ങള്‍ കൊണ്ടുപോകാം; ബസ് ചാര്‍ജ്ജ് കുറയ്ക്കുമെന്നും ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു

September 27, 2021
272
Views

തിരുവനന്തപുരം: കൊറോണ കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കൊറോണ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ലക്സി റേറ്റ് രീതിയായിരുന്നു കെഎസ്ആർടിസിയിൽ ഉണ്ടായിരുന്നത്.

ദീര്‍ഘദൂര ലോഫ്ളോര്‍ ബസ്സുകളിലും വോള്‍വോ ബസ്സുകളിലും സൈക്കിളുകളും ഇ- സ്കൂട്ടറും കൊണ്ടുപോകാന്‍ അനുവദിക്കാനും തീരുമാനമായി. നിരക്ക് നിശ്ചയിച്ച് നവംബര്‍1 മുതല്‍ ഇത് നടപ്പാക്കുമെന്നും ആന്‍റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ നേരത്തെ കെഎസ്ആർടിസി തീരുമാനിച്ചിരുന്നു. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർ‍വ്വീസ് നടത്താനാണ് കെഎസ് ആർടിസി തീരുമാനം. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കും.

ആവശ്യത്തിന് ബസ്സില്ലാത്ത സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്ന രക്ഷിതാക്കളുടെ പ്രധാന ആശങ്ക പരിഹരിക്കാനാണ് കെഎസ്ആർടിസി നീക്കം. കൊറോണ പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാൻ പലർക്കും മടിയാണ്.

ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ കൈത്താങ്ങ്. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *