ഓണക്കാലത്ത് കെഎസ്‌ആര്‍ടിസി യാത്രാക്കാരുടെ ആവശ്യാനുസരണം സര്‍വ്വീസുകള്‍ നടത്തും

August 14, 2021
494
Views

തിരുവനന്തപുരം; ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ആയിരിക്കും സര്‍വ്വീസുകള്‍ നടത്തുക.

ഇതിന്റെ അടിസ്ഥാനത്തില്‍ ആ​ഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി വരുന്നതിനാല്‍ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച്‌ കെഎസ്‌ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളില്‍ നിന്നും ആവശ്യമായ സര്‍വ്വീസുകള്‍ നടത്തും. ദീര്‍ഘ ദൂര സര്‍വ്വീസുകളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി അവധി തുടങ്ങുന്നതിന്റെ തലേ ദിവസമായ 18 ന് യാത്രാക്കാരുടെ തിരക്കനുസരിച്ച്‌ മുഴുവന്‍ സര്‍വ്വീസുകളും നടത്തും.

ആ​ഗസ്റ്റ് 15, 22 ഞാറാഴ്ച ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ യാത്രാക്കാരുടെ തിരക്കനനുസരിച്ച്‌ ആവശ്യമായ സര്‍വ്വീസ് നടത്തും. ഉത്രാട ദിവസമായ 20 തിന് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡി.റ്റി.ഒ മാര്‍ അതാത് ഹെ‍ഡ് ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച്‌ സര്‍വ്വീസുകള്‍ ക്രമീകരിക്കുകയും, പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്‍സ്പെക്ടര്‍മാരെ വിന്യസിച്ച്‌ സര്‍വ്വീസുകള്‍ നിയന്ത്രിക്കുകയും ചെയ്യും.

കൂടുതല്‍ യാത്രാക്കര്‍ ഉണ്ടെങ്കില്‍ ദീര്‍ഘദൂര ബസുകള്‍ END to END ഫെയര്‍ നിരക്കില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളില്‍ നിന്നും യാത്രാക്കാരുടെ ആവശ്യപ്രകാരം കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്കും ട്രാഫിക് ഡിമാന്റ് അനുസരിച്ച്‌ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ സാഹചര്യം ഉണ്ടാകുന്ന പക്ഷം പൂര്‍ണ്ണമായി ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തുകയും END to END ഫെയര്‍ വ്യവസ്ഥയില്‍ ഓപ്പറേറ്റ് ചെയ്യുകയും ചെയ്യും.ഓണാവധി ദിവസങ്ങളില്‍ കണ്‍സഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *