കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ലോ കോളജിലെ എസ് എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്.
ഇതിനിടെ ലോ കോളജ് സംഘർഷം ഹൈബി ഈഡൻ എം പി ലോക് സഭയിൽ ഉന്നയിച്ചു. എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു. എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ നടത്തിയത് ക്രൂരതയെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ല അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെടണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് ആരോപിച്ചു. വീട്ടിലേക്ക് പോകുമ്പോഴാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. തന്നെയും മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ക്രൂരമായി മർദിച്ചത്. പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നും വനിതാ നേതാവ് കൂട്ടിച്ചേർത്തു.