പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കുമാർ സാഹ്നി അന്തരിച്ചു
ന്യൂഡല്‍ഹി: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കുമാർ സാഹ്നി അന്തരിച്ചു. 83-ാം വയസിലായിരുന്നു അന്ത്യം. മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍.
രാജ്യത്തിന് മികച്ച സിനിമകള്‍ സംഭാവന ചെയ്ത കുമാർ സാഹ്നിയുടെ വിയോഗത്തില്‍ നിരവധി പ്രഗത്ഭരാണ് അനുശോചനം അറിയിച്ചത്.
1940 ഡിസംബർ ഏഴിന് ലർക്കാനയിലായിരുന്നു കുമാർ സാഹ്നിയുടെ ജനനം. ശേഷം കുടുംബം മുംബൈയിലേക്ക് തമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ പ്രിയ ശിഷ്യന്മാരില് ഒരാള്‍ ആയിരുന്നു.
1972ല്‍ ആണ് അദ്ദേഹം മായാ ദർപണ്‍ ഒരുക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം മായാ ദർപണ്‍ സ്വന്തമാക്കുകയും ചെയ്തു. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. പിന്നീട് 1997-ല്‍ രബീന്ദ്രനാഥ് ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ ആസ്പദമാക്കിയും സിനിമ ഒരുക്കിയിരുന്നു.