ലഖിംപുര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം ആസൂത്രിതം- പ്രത്യേക അന്വേഷണ സംഘം

December 14, 2021
135
Views

ന്യൂ ദല്‍ഹി: ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണസമിതി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സ്വാഭാവികമായി നടന്നതാണെന്ന് കരുതാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക സമരത്തിനിടയിലേക്ക് വാഹനമിടിച്ചു കയറ്റി, കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലാണ് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെപ്രത്യേക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

കേസിന്റെ തുടക്കം മുതല്‍ തന്നെ ആശിഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു യു.പി പൊലീസിന്റെത്. യു.പി പൊലീസിനും യു.പി സര്‍ക്കാരിനും മുഖത്തേറ്റ അടിയായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, നടന്നത് അപകടമാണെന്ന രീതിയില്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സമിതി സൂക്ഷ്മവും വിശദവുമായ അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ലഖിംപൂര്‍ ഖേരി സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ ആയിരുന്നു തുടങ്ങിയ ആശിഷ് മിശ്രയുടെ വാദങ്ങളെ പാടെ നിഷേധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.ലഖിംപൂര്‍ കേസില്‍ പൊലീസും സര്‍ക്കാരും അലംഭാവം കാണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. അന്വേഷണം വാക്കുകളില്‍ മാത്രമൊതുങ്ങിയെന്നും നടപടിയുണ്ടായില്ലെന്നും പറഞ്ഞ കോടതി സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ സമീപനം പ്രതീക്ഷിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *