കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം.
മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ഈ മേഖലയിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.