കോട്ടയം: എരുമേലി കണമലയില്‍ ഉരുള്‍പൊട്ടല്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. എരുത്വാപ്പുഴ-കണമല ബൈപാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്.റോഡിനും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. മൂന്ന് വീടുകള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. പുലര്‍ച്ചെ വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടി മാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
കോട്ടയത്തെ മലയോര മേഖലയില്‍ രാത്രി മുതല്‍ ശക്തമായ മഴയായിരുന്നു. ഇപ്പോള്‍ മഴയ്ക്ക് അല്‍പം ആശ്വാസമുണ്ട്. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് എരുമേലി കണമല.
പത്തനംതിട്ടയുടെ മലയോരമേഖലയിലും കനത്ത മഴയാണ്. കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നുണ്ട്. ഒരേക്കര്‍ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:
മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.