സൗദി അറേബ്യയിലെ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ് സ്ഥിതിഗതികള്‍ കൊവിഡിന് മുന്‍പുള്ള അവസ്ഥയിലേക്കെത്തുന്നു. 300ല്‍ താഴെ പുതിയ രോഗികള്‍ മാത്രമാണ് സൗദിയിലുള്ളത്. 279 പേര്‍ക്ക് കൂടി രോഗമുള്ളതായാണ് ഏറ്റവും പുതിയതായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ഒരാളുടെ മരണം കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് കണ്ടെത്തി.
സൗദിയില്‍ ആകെ 747715 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 645 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 728189 ആയി.
10517 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുപന്നത്. ഇതില്‍ 410 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആകെ 9009 പേരാണ് കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ മരിച്ചിട്ടുള്ളത്. മരണനിരക്ക് 1.20 ശതമാനമാണ്. 97.38 ശതമാനമണ് സൗദിയിലെ രോഗമുക്തി നിരക്ക്.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 21,144 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൃത്യമായി മാസ്‌ക് ധരിക്കാത്തതും അകലം പാലിക്കാത്തതും ഇമ്യൂണ്‍ ആകാതെ പൊതുയിടങ്ങളില്‍ പ്രവേശിച്ചതുമൊക്കെയാണ് കണ്ടെത്തിയ നിയമലംഘനങ്ങള്‍. പല നിയന്ത്രണങ്ങളും പിന്‍വലിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രോട്ടോക്കോള്‍ ലംഘനങ്ങളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.