ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി അധികൃതര്‍.
ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതായി അധികൃതര്‍.
ബുദൗണ്‍, ഇറ്റ, റായ്ബറേലി എന്നീ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടിമിന്നലില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഉഷൈത്ത് ബസാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് ബൈക്ക് യാത്രികര്‍ ഇടിമിന്നലേറ്റ് മരണപ്പെട്ടതായി ഡാറ്റാഗഞ്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര കുമാര്‍ സിംഗ് പറഞ്ഞു. കര്‍ഷകരായ ബബ്ലു (30), വര്‍ജീത് യാദവ് (32) എന്നിവരാണ് മരിച്ചത്. ഉഷൈത്ത് ടൗണില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും സിംഗ് അറിയിച്ചു.
റായ്ബറേലിയില്‍ ദിഹ്, ഭഡോഖര്‍, മില്‍ മേഖലകളില്‍ മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഇടിമിന്നലില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗെൻഡലാല്‍ ഗ്രാമത്തിന് സമീപമുള്ള വയലില്‍ കന്നുകാലികളെ മേയ്ക്കുകയായിരുന്ന മോഹിത് പാല്‍ (14) ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മില്‍ ഏരിയ സ്റ്റേഷൻ പരിധിയിലെ പൂര്‍വ ഗ്രാമത്തില്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജമുന പ്രസാദ് (38) മിന്നലേറ്റത്.