ന്യൂ ഡെൽഹി: ഉത്തര്പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി റോഡ് ഉപരോധിച്ച് കർഷകർ. ഡെൽഹി യുപി ഭവന്റെ മുന്നിലേക്ക് കർഷകസംഘടനകൾ മാർച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേധ മാർച്ച് നടക്കുക. പ്രദേശത്തെ വൻ പൊലീസ് സന്നാഹമുണ്ട്. കർഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധി പ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താൽകാലികമായി നിർത്തിവച്ചു.
അതിനിടെ കർഷകർക്ക് കൂടുതൽ നേതാക്കൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്നൌവിൽ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് നടന്ന് ലഖിംപൂർഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. യൂത്ത് കോൺഗ്രസും യുപി കോൺഗ്രസും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രിയങ്കയെ സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലക്നൗവിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും എസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. അഖിലേഷിന്റെ വസതിക്ക് മുന്നിൽ പൊലീസ് സന്നാഹമുണ്ട്. സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുർ ഖേരിയിൽ എത്താൻ അനുവദിക്കില്ലന്നാണ് യുപി പൊലീസ് നിലപാട്. പൊലീസ് നിലപാട് കടുപ്പിച്ചതോടെ അഖിലേഷിന്റെ വീടിന് മുന്നിൽ എസ് പി പ്രവർത്തകർ പ്രതിഷേധിക്കുകയാണ് അഖിലേഷ് യാദവിൻറെ വീട്ടിനു മുന്നിൽ പൊലീസ് വാഹനം കത്തിച്ചു.
സംഘർഷങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന് കത്തയച്ചു. മരിച്ച കർഷകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും നടപടി വേണമെന്നുമാണ് കത്തിൽ പറയുന്നത്.