അതിരപ്പിള്ളിയില്‍ വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ സ്വകാര്യ ചാനൽ പ്രാദേശിക ലേഖകനെതിരെ പൊലീസ് കേസെടുത്ത സംഭവത്തില്‍ ലോക്കപ്പ് മര്‍ദനവും. അതിരപ്പിള്ളി സിഐ ആന്‍ഡ്രിക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്ന് റൂബിന്‍ ലാല്‍ പറഞ്ഞു. രാത്രി മുതല്‍ റൂബിനെ അടിവസ്ത്രത്തിലാണ് നിര്‍ത്തിയത്. വനിതാ പൊലീസുകാരടക്കം ഡ്യൂട്ടി ചെയ്യുമ്പോഴും വസ്ത്രം നല്‍കിയില്ല.
വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ 24 ന്യൂസ്അ തിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെ ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ വനമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കുന്നതിനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. റൂബിന്‍ ലാല്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാന്‍ റൂബിന്‍ ലാല്‍ എത്തിയത്. എന്നാല്‍ ഇതിനിടെ റൂബിനോടുള്ള മുന്‍വൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ ഉത്തരവിനെ മറികടക്കാന്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയുമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസിനെ സമീപിച്ചത്. പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ റൂബിനെതിരെ നടപടിയെടുക്കുകയായിരുന്നു.