പത്തനംതിട്ട: ഞായറാഴ്ച ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ല കുറ്റൂരിൽ സിപിഎം പൊതുയോഗം. പുതുതായി പാർട്ടിയിൽ ചേർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്.
അവശ്യസർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ ആണ് എല്ലാ നിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാർട്ടിയിലേക്ക് പുതുതായി ചേർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു. അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.
കഴിഞ്ഞ കുറേദിവസമായി മിഷൻ സിപിഎം എന്ന പേരിൽ വിവിധ രാഷ്ട്രീയകക്ഷികളിൽ നിന്നുള്ളവരെ സിപിഎമ്മിലേക്ക് ചേർക്കുന്ന പ്രത്യേക പരിപാടി നടന്നുവരികയാണ്. എന്നാൽ എന്തു കൊണ്ട് ലോക്ക് ഡൗൺ ദിനത്തിൽ ഇങ്ങനെയൊരു പരിപാടി നടത്തിയെന്നറിയില്ല. പരിപാടിയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചടക്കം റിപ്പോർട്ട് നൽകിയെങ്കിലും കേസ് എടുത്തതായി വിവരമില്ല.