ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊച്ചി: ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.
മറൈന്‍ പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) ചെയര്മാന് ദൊഡ്ഡ വെങ്കടസ്വാമി സന്നിഹിതനായി.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വി.ഐ. സലീം, ഡയറക്ടര്‍ എം.എ. സലീം, ലുലു ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയര്‍ എക്സ്പോര്‍ട്ടസ് സിഇഒ നജ്മുദ്ദീന് ഇബ്രാഹിം, ഫെയര്‍ എക്പോര്‍ട്സ് ജനറല്‍ മാനേജര്‍ അനില്‍ ജലധാരന് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
പൂര്‍ണമായും ഓട്ടോമാറ്റിക് സൗകര്യത്തിലുള്ള നൂതനമായ സജ്ജീകരണങ്ങളാണ് ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന സംസ്കരണ കയറ്റുമതി കേന്ദ്രത്തിലുള്ളത്. 150 കോടി മുതല്‍മുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോത്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്.
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്കരണ യൂണിറ്റ് കൂടിയാണ് ഈ അത്യാധുനിക സംവിധാനത്തിലുള്ള സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം. 800 പേര്‍ക്കാണ് പുതിയ തൊഴിലവസരം ഒരുങ്ങുന്നത്.