ചാന്ദ്രപേടകം ലൂണ-25 തകര്‍ന്ന കുഴിയുടെ ചിത്രവുമായി നാസ, നിഷേധിച്ച്‌ റഷ്യ

September 2, 2023
33
Views

ചന്ദ്രനില്‍ റഷ്യൻപേടകം ലൂണ-25 തകര്‍ന്നുവീണുണ്ടായ കുഴിയുടെ ചിത്രം പകര്‍ത്തി അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ.

ന്യൂയോര്‍ക്ക് : ചന്ദ്രനില്‍ റഷ്യൻപേടകം ലൂണ-25 തകര്‍ന്നുവീണുണ്ടായ കുഴിയുടെ ചിത്രം പകര്‍ത്തി അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസ.

ദക്ഷിണധ്രുവത്തില്‍ ഇന്ത്യൻ പേടകമായ ചന്ദ്രയാൻ-3 ആഗസ്റ്റ് 23ന് ഇറങ്ങുന്നതിന് രണ്ടു ദിവസം മുമ്ബേ ലൂണ-25 ലാൻഡിംഗിന് ശ്രമിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു.

നാസയുടെ ലൂണാര്‍ റിക്കൊനൈസൻസ് ഓര്‍ബിറ്റര്‍ എടുത്ത ദക്ഷിണധ്രുവത്തിലെ പ്രതലചിത്രങ്ങളുടെ താരതമ്യത്തിനു ശേഷമാണ് 10 മീറ്റര്‍ വ്യാസമുള്ള കുഴി റഷ്യൻ പേടകം ഇടിച്ചുവീണതുകൊണ്ടുണ്ടായതാണെന്ന് നാസ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ ചിത്രവും

2022 ജൂണില്‍ പകര്‍ത്തിയ ചിത്രവുമാണ് താരതമ്യം ചെയ്തത്.

ലൂണ-25 ഇടിച്ചിറങ്ങിയ സ്ഥലം നിര്‍ണ്ണയിക്കുന്ന അനുമാനങ്ങള്‍ റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് ആഗസ്റ്റ് 21ന് പ്രസിദ്ധീകരിച്ചിരുന്നു.

പിന്നാലെ ആഗസ്റ്റ് 22ന് നാസയുടെ എല്‍.ആര്‍.ഒയുടെ ക്യാമറ ടീമും മിഷൻ ഓപ്പറേഷൻസ് ടീമും ഈ മേഖലയുടെ ചിത്രങ്ങള്‍ പകര്‍ത്തി. 10 മീറ്റര്‍ വ്യാസമുള്ളതാണ് ചന്ദ്രനില്‍ 57.865ഡിഗ്രി തെക്കൻ അക്ഷാംശത്തിലും 61.360ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമുള്ള കുഴി.

എന്നാല്‍, നാസയുടെ കണ്ടെത്തല്‍ റഷ്യ അംഗീകരിച്ചിട്ടില്ല.

റഷ്യൻ പേടകം ഇറങ്ങാൻശ്രമിച്ച ഭാഗത്തു നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് നാസ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഗര്‍ത്തമെന്ന് അവര്‍ പറയുന്നു.

2009 ജൂണ്‍ 18 മുതലാണ് നാസയുടെ മൂണ്‍ ഓര്‍ബിറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *