കൊച്ചി : തൃപ്പൂണിത്തുറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് തോറ്റത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട്. മണ്ഡലത്തിലെ ചിലയിടങ്ങളിൽ പാർട്ടിയുടെ കീഴ്ഘടകങ്ങൾ വേണ്ടത്ര സജീവമായിരുന്നില്ലെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തി. പാർട്ടി നിയോഗിച്ച രണ്ടംഗം അന്വേഷണ കമ്മീഷനാണ് പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്.
സംസ്ഥാനത്ത് ഏറെ ശ്രദ്ദേയമായ രാഷ്ട്രീയ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃപ്പൂണിത്തുറ.സി.പി.എമ്മിലെ യുവ നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം.സ്വരാജും മുൻ മന്ത്രി കെ.ബാബുവും മത്സരിച്ച തൃപ്പൂണിത്തുറയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 992 വോട്ടുകൾക്കായിരുന്നു കെ.ബാബു മണ്ഡലം പിടിച്ചെടുത്തത്. നൂറ് ശതമാനം വിജയം ഉറപ്പിച്ച തൃപ്പൂണിത്തുറയിലെ തോൽവി സിപിഎമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു.
ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് മറിഞ്ഞുവെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രതികരണം. എന്നാൽ പാർട്ടി അണികളുടെ വോട്ട് ചോർച്ചയാണ് സ്വരാജിൻ്റെ തോൽവിക്ക് ആക്കം കൂട്ടിയതെന്നാണ് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തൽ.നിഷ്പക്ഷ വോട്ടുകൾ ഇത്തവണ
സ്വരാജിന് കൂടുതലയി ലഭിച്ചു. എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോൽവിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
സി.പി.എമ്മിന് നിർണ്ണായക സ്വാധീനമുള്ള ഏരൂർ, തെക്കുംഭാഗം,ഉദയംപേരൂർ പഞ്ചായത്തുകളിൽ പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശവും സ്വരാജിന് തിരിച്ചടിയായി മാറി.മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർഥി മോഹമുണ്ടായിരുന്നു. ഇത് വോട്ട് ചോർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷൻ.
അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറുമെന്നാണ് വിവരം.മണ്ഡലത്തിലെ പാർട്ടി ഭാരവാഹികളിൽ നിന്നും സ്ഥാനാർഥിയിൽ നിന്നും കമ്മീഷൻ തെളിവെടുപ്പ് നടത്തിയിരുന്നു.തോൽവിയിൽ ഏതെങ്കിലും അംഗങ്ങൾക്കെതിരെ നടപടി വേണ്ടതുണ്ടോ എന്നതടക്കം റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന. തൃപ്പൂണിത്തുറയിൽ രണ്ട് ദിവസം കൂടി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് അന്വേഷണ കമ്മീഷൻ കടക്കുക.
തൃപ്പൂണിത്തുറക്ക് പുറമെ തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി പഠിക്കാനും സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ കണ്ടെത്തൽ.ഇവിടുത്തെ തെളിവെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്.ഈ അന്വേഷണറിപ്പോർട്ടും തുടർനടപടികളും സിപിഎം നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്.