തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരമെന്ന് പ്രവാസി വ്യവസായി എം.എ യുസഫലി.കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ തടഞ്ഞത്. കര്‍ഷകരെന്ന പേരില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി പഞ്ചാബിലെ റാലി റദ്ദാക്കി.
നമ്മുടെ പ്രധാനമന്ത്രിയുടെ റോഡ് യാത്ര പഞ്ചാബില്‍ തടഞ്ഞത് ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് എം.എ യുസഫലി ട്വീറ്റ് ചെയ്തു. ഭാവി തലമുറയുടെ സമൃദ്ധിക്കായി നമ്മുടെ നാടിനെ ഇനിയും ശക്തമായി നയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആരോഗ്യവും ദീര്‍ഘായുസും ലഭിക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തിയതായി യുസഫലി അറിയിച്ചു.
സുരക്ഷാവീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി ബട്ടിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ വീഴ്ചകള്‍ അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജസ്റ്റിസ് (റിട്ട.) മെഹ്താബ് സിംഗ് ഗില്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരകാര്യം), ജസ്റ്റിസ് അനുരാഗ് വര്‍മ എന്നിവരടങ്ങുന്ന സമിതി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.