അട്ടപ്പാടി മധു കൊലപാതകകേസ്: കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും

January 26, 2022
155
Views

പാലക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ മധുവിന്റെ കുടുംബത്തിന്റെ താത്പര്യം കൂടി കണക്കിലെടുത്ത് നിയമിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ഇതിനായി മധുവിന്റെ ബന്ധുക്കളോട് മൂന്ന് അഭിഭാഷകരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെടും.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൊവ്വാഴ്ചയും ഹാജരാകാത്തതിനെ തുടർന്ന് ഒടുവിൽ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓൺലൈൻ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഇതോടെ കേസ് മാർച്ച് 26ലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇപ്പോൾ പ്രതികരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബർ 15-ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. തുടർന്നാണ് ജനുവരി 25-ലേക്ക് മാറ്റിവെച്ചത്. എന്നാൽ 25-നും പ്രോസിക്യൂട്ടർ കോടതിയിൽ എത്തിയില്ല.

നേരത്തെയും മധു കേസ് പരിഗണിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് പ്രോസിക്യൂഷൻ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മർദം ചെലുത്താനും തങ്ങൾക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്.

2018 ഫെബ്രുവരി 22-നാണ് ആദിവാസിയുവാവായ മധുവിനെ ആൾക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചർച്ചയായെങ്കിലും കേസിന്റെ നടത്തിപ്പിൽ ബന്ധപ്പെട്ടവർ ശ്രദ്ധചെലുത്തിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാണിക്കുന്നത്. കേസിനായി ആദ്യം ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *