മുംബൈ: കൊറോണയ്ക്കെതിരെയുള്ള
വാക്‌സിന്‍ ഒരു ഡോസ് പോലും എടുക്കാത്തവര്‍ക്കും റേഷനും പെട്രോളും ഡീസലും ഗ്യാസും നല്‍കേണ്ടെന്ന് മഹാരാഷ്ട്രയിലെ ഔംറഗാബാദ് ജില്ലാ ഭരണകൂടം. ജില്ലയിലെ കൊറോണ വാക്‌സിനേഷന്‍ പ്രതീക്ഷിച്ചത്ര വേഗതയില്‍ നീങ്ങുന്നില്ലെന്ന് കണ്ടാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിക്കൊരുങ്ങുന്നത്. കൊറോണ വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കാണിച്ച് കലക്ടര്‍ സുനില്‍ ചവാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, പലചരക്ക് കടകള്‍ എന്നിവക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അജന്ത, എല്ലോറ എന്നിവിടങ്ങളിലും ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാത്തവരെ പ്രവേശിപ്പിക്കണ്ടെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
ഔറംഗബാദില്‍ ഇതുവരെ 55 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഒറ്റഡോസ് വാക്‌സീന്‍ ലഭിച്ചത്. നവംബര്‍ അവസാനത്തോടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒറ്റഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഔറംഗാബാദില്‍ വാക്‌സിനേഷന്‍ മെല്ലെപ്പോക്കാണ്. 24 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സീന്‍ എടുത്തത്. പകല്‍ സമയങ്ങളില്‍ വാക്‌സീനെടുക്കാന്‍ ആളുകള്‍ എത്താത്തതിനാല്‍ രാത്രിയും കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ കര്‍ഷക തൊഴിലാളികള്‍ ജോലിക്ക് പോകുമെന്നതിനാലാണ് രാത്രി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്.
വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുഗതാഗതവും വിലക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 982 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.