മാലിക് ചിത്രത്തിന് നേരെ ഉയരുന്ന വിമര്‍ശങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്രയും കാലമായി അടഞ്ഞുകിടന്ന വിഷയം ഈ സിനിമയിലൂടെ ചര്‍ച്ചയാകാന്‍ വഴിവച്ചു എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് സംവിധായകന്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്നും അല്ലെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും മഹേഷ് വ്യക്തമാക്കി.
മാലിക്കിനകത്ത് ലീഗിനോട് സാമ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയും പച്ച കൊടിയും, ബീമാപ്പള്ളി വെടിവെപ്പാണ് സിനിമ തുടങ്ങിയ ചര്‍ച്ചകള്‍ക്കും സംവിധായകന്‍ മറുപടി നല്‍കുന്നു. ഒരു പ്രത്യേക സ്ഥലം എന്ന് പറഞ്ഞുകൊണ്ടല്ല ഈ സിനിമയുണ്ടാക്കിയിട്ടുള്ളതെന്ന് മഹേഷ് ചൂണ്ടിക്കാണിക്കുന്നു. പച്ചകൊടി വെച്ചതുകൊണ്ട് അത് മുസ്‍ലിം ലീഗിന്‍റെ പാര്‍ട്ടിയാവുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണു സംവിധായകന് പറയാനുള്ളത്.
‘ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. അല്ലെന്നു ഞാനൊരിക്കലും പറയുന്നില്ല. കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്‍റെ സിനിമയിലൂടെ ചര്‍ച്ചക്ക് വഴിവെച്ചത് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ജോജുവിന്‍റെ കഥാപാത്രവും പറയുന്നത് അതാണ്. അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ്. അന്നത്തെ സ്റ്റേറ്റിനെതിരെ തന്നെയാണ് അവസാനത്തെ ലൈന്‍’, മഹേഷ് പറഞ്ഞു.