പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ലാത്ത Covid Certificate വേണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ വാദം നവംബര്‍ 23ന്. ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ ASG കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ഒക്ടോബര്‍ 9 ന് ഹര്‍ജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ഇപ്പോഴത്തെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് (Covid Vaccine Certificate)പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നല്‍കിയത്. കൂടാതെ, യു.എസ്, ഇന്തോനേഷ്യ, ഇസ്രാഈല്‍, ജര്‍മ്മനി എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഹര്‍ജിക്കാരന്‍ ഹാജരാക്കി. ആ സര്‍ട്ടിഫിക്കറ്റുകളില്‍ ആവശ്യമായ വിവരങ്ങളല്ലാതെ രാജ്യ തലവന്മാരുടെ ഫോട്ടോകളില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന തനിക്ക് ഈ സര്‍ട്ടിഫിക്കറ്റ് പല തവണ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
വിഷയം ഇന്ന് പരിഗണിച്ച ഹൈക്കോടതി, കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന മറു ചോദ്യമാണ് ചോദിച്ചത്. കൂടാതെ, കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്നത് വളരെ അപകടകരമായ ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എന്‍.നഗരേഷ് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വകാര്യരേഖയാണ് എന്നും അതില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ലെന്നും ഹര്‍ജി ക്കാരന്‍ കോടതിയില്‍ അറിയിച്ചു. ഒപ്പം, കറന്‍സി നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് RBI ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിന് നിയമ പ്രാബല്യമില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
പ്രതികരണം അറിയിക്കാന്‍ ASG കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 23 ലേയ്ക്ക് മാറ്റി