രാജ്യത്തിന്റെ സമഗ്രവികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയില്‍ പുതിയ തൊഴില്‍ നയം
മനാമ: രാജ്യത്തിന്റെ സമഗ്രവികസനത്തിനും നിക്ഷേപക സൗഹൃദ അന്തരീക്ഷത്തിനുമുതകുന്ന രീതിയില്‍ പുതിയ തൊഴില്‍ നയം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ബിൻ മുഹമ്മദ് അലി ഹുമൈദാൻ.
വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യണമെന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാൻ ബിൻ ഹമദ് ആല് ഖലീഫയുടെ താല്പ്പര്യമനുസരിച്ചാണ് നയം നടപ്പാക്കുക. 2023-2026 ലെ നാഷണല്‍ ലേബര്‍ മാര്‍ക്കറ്റ് പ്ലാനിന് കാബിനറ്റ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ മന്ത്രിയുടെ പ്രസ്താവന. 2021-2023 കാലയളവിലെ മുൻ പദ്ധതിയുടെ 91ശതമാനവും പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയില്‍ പൗരന്മാരുടെ തൊഴില്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് മുൻ പദ്ധതി കാരണമായി.
രാജ്യത്തിന്റെ സാമ്ബത്തികം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുൻ പദ്ധതി തയാറാക്കിയിരുന്നത്. പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും തൊഴില്‍ലഭ്യത ഉറപ്പുവരുത്താനും സാധിക്കുന്ന തരത്തില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചിരുന്നു. നിലവിലെ പദ്ധതിയില്‍ ശേഷിക്കുന്ന സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി ഹുമൈദാൻ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, എല്‍.എം.ആര്.എ, ലേബര്‍ ഫണ്ട് (തംകീൻ), സോഷ്യല്‍ ഇൻഷുറൻസ് ഓര്ഗനൈസേഷൻ (എസ്.ഐ.ഒ), ഇൻഫര്‍മേഷൻ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജൻസികളുമായി സഹകരിച്ചായിരിക്കും പദ്ധതി. കൂടാതെ ഇ-ഗവണ്മെന്റ് അതോറിറ്റി, എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് ക്വാളിറ്റി അതോറിറ്റി എന്നിവയുമായുള്ള പങ്കാളിത്തം വര്‍ധിപ്പിക്കും.
പൗരന്മാര്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വിദ്യാഭ്യാസം തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പുനര്നിര്ണയിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്ത് പ്രാദേശിക, വിദേശ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന രീതിയില്‍ നിലവിലുള്ള നിയന്ത്രണങ്ങളെയും നിയമങ്ങളെയും ഏകീകരിക്കും. പാര്‍ട്ട് ടൈം തൊഴില്‍, റിമോട്ട് വര്‍ക്ക് എന്നിങ്ങനെയുള്ള എല്ലാ തൊഴില്‍ രീതികളും തൊഴില്‍ വിപണിയില്‍ പ്രയോഗിക്കാൻ സ്ഥാപനങ്ങളെയും കമ്ബനികളെയും പ്രോത്സാഹിപ്പിക്കും. സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിന് സഹായകരമായ നടപടികള്‍ ആവിഷ്കരിക്കും.
സ്ത്രീകളെ തൊഴില്‍ വിപണിയില്‍ കൂടുതലായി എത്തിക്കാനും പുതിയ തൊഴില്‍ നയം ലക്ഷ്യമിടുന്നു. സ്വദേശികളെയും വിദേശികളെയും നിയമിക്കമ്ബോള് ചെലവിലുണ്ടാകുന്ന വ്യത്യാസം കുറച്ചുകൊണ്ടുവരും. ഇതിലൂടെ സ്വദേശിവല്‍ക്കരണം സ്വകാര്യമേഖലയിലും ഫലപ്രദമാകുമെന്നാണ് കണക്കാക്കുന്നത്. തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന തൊഴിലന്വേഷകര്‍ക്കായി പരിശീലനവും ശേഷി വര്‍ധിപ്പിക്കുന്ന സംരംഭങ്ങളും പ്രോഗ്രാമുകളും ആരംഭിക്കും.
നൂതന സാങ്കേതിക പരിശീലനത്തിനും അവസരമൊരുക്കും. തൊഴില്‍ വിപണിയുടെ ആവശ്യകതകള്‍ക്കനുസൃതമായി സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സാങ്കേതികവും പ്രായോഗികവുമായ കോഴ്സുകള്‍ ഉള്‍ക്കൊള്ളുന്ന പരിശീലന ഓപ്ഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും.
സ്വദേശികളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധനസഹായവും സാങ്കേതിക കണ്‍സള്‍ട്ടേഷനും മറ്റ് സേവനങ്ങളും നല്‍കും. തൊഴില്‍ വിപണിയില്‍ പൗരന്മാരുടെയും വിദേശികളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തും. നിയമവിരുദ്ധ പ്രവൃത്തികള്‍ അവസാനിപ്പിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും വികസിപ്പിക്കുമെന്നും ജോലിസ്ഥലത്ത് ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുമെന്നും തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും തൊഴില്‍ നയം അടിവരയിടുന്നു.