മണിപ്പുര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’യുടെ വിവിധ നേതാക്കള്‍ ഇന്ന് പാര്‍ലമെന്‍റില്‍ കറുത്ത വസ്ത്രം അണിഞ്ഞെത്തി.
ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’യുടെ വിവിധ നേതാക്കള്‍ ഇന്ന് പാര്‍ലമെന്‍റില്‍ കറുത്ത വസ്ത്രം അണിഞ്ഞെത്തി.
മണിപ്പുരില്‍ ചര്‍ച്ച അനുവദിക്കാത്തതിലും അവിശ്വാസ പ്രമേയ ചര്‍ച്ച ആരംഭിക്കാത്തതിലും പ്രതിഷേധ സൂചകമായാണ് കറുപ്പണിഞ്ഞത്.
മണിപ്പുരിലെ അക്രമത്തില്‍ രാജ്യസഭയില്‍ നിന്നുള്ള നിരവധി പ്രതിപക്ഷ എംപിമാര്‍ കറുത്ത വസ്ത്രം ധരിച്ച് പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വന്ന് വിഷയത്തില്‍ പ്രസ്താവന നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
“ഇന്ത്യ’ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. “ഇന്ത്യ’യ്ക്കായി കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് നോട്ടീസ് നല്‍കിയത്.
പ്രമേയത്തില്‍ അടുത്തയാഴ്ചയാണ് ചര്‍ച്ച നടക്കുക. അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്. 2018 ജൂലൈ 20നാണ് മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്സഭയിലെത്തിയത്.
അതേ സമയം, മണിപ്പുര്‍ കലാപം രൂക്ഷമായി തുടരുന്നതിനിടെ കുക്കി-മെയ്‌തേയ് വിഭാഗം പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.
സര്‍ക്കാരുമായുള്ള സസ്പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ കരാര്‍ പ്രകാരം മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്. മെയ്‌തേയ് പൗരാവകാശ സംഘടനായ കോകോമിയുമായി ചേര്‍ന്നായിരുന്നു മിശ്രയുടെ കൂടിക്കാഴ്ച.
കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വ്യാപക വിമര്‍ശനം ഉയരുകയും സര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ ഈ നീക്കം.