സംഘര്‍ഷാവസ്ഥ തുടരുന്നു ഭയമൊഴിയാതെ മണിപ്പുര്‍

May 8, 2023
20
Views

മണിപ്പുരില്‍ ഞായറാഴ്ച അക്രമസംഭവങ്ങള്‍ കുറഞ്ഞെങ്കിലും സംഘര്‍ഷസ്ഥിതി തുടരുന്നു

ന്യൂഡല്‍ഹി

മണിപ്പുരില്‍ ഞായറാഴ്ച അക്രമസംഭവങ്ങള്‍ കുറഞ്ഞെങ്കിലും സംഘര്‍ഷസ്ഥിതി തുടരുന്നു. ഇംഫാല്‍, ചുരചന്ദ്പ്പുര്‍, കാങ്പോക്പി, മൊറേ തുടങ്ങിയ പ്രശ്നബാധിതമേഖലകള്‍ സൈന്യത്തിന്റെയും അര്‍ധസേനയുടെയും കര്‍ശന നിയന്ത്രണത്തിലാണ്.

ചുരചന്ദ്പ്പുരില്‍ ഞായര്‍ പകല്‍ ഏഴുമുതല്‍ പത്തുവരെ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി കര്‍ഫ്യൂവില്‍ ഇളവുവരുത്തി. 23,000 പേരെ സുരക്ഷിത ഇടങ്ങളില്‍ എത്തിച്ചതായി കരസേന അറിയിച്ചു.

കലാപത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതില്‍ വ്യക്തതയില്ല. 56 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 37 മരണം സ്ഥിരീകരിച്ചതായി മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് അറിയിച്ചു.

അതിനിടെ, മണിപ്പുര്‍ ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. രാജേഷ് കുമാറിനെ നീക്കി. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയിരുന്ന വിനീത് ജോഷിയെ തിരികെവിളിച്ച്‌ നിയമിച്ചു. മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പ്രബലരായ മെയ്ത്തീ വിഭാഗത്തിന് എസ്ടി സംവരണം നല്‍കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കമാണ് കലാപത്തിന് വഴിയൊരുക്കിയത്. വനമേഖലകളില്‍ കഴിയുന്ന കുക്കി ഗോത്രവിഭാഗങ്ങളും മറ്റും ഇതിനെതിരെ രംഗത്തുവന്നതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഗോത്രവിഭാഗക്കാര്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണ്. സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയമായി ഇടപെട്ടതോടെ കലാപം ആളിക്കത്തി.

കലാപത്തിനുപിന്നില്‍ ബിജെപിയെന്ന് ട്രൈബല്‍ ഫോറം
മണിപ്പുര്‍ കലാപം പ്രത്യേകാന്വേഷക സംഘത്തെ (എസ്‌ഐടി) നിയമിച്ച്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മണിപ്പുരിലെ ഗോത്രവിഭാഗക്കാരുടെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘടന മണിപ്പുര്‍ ട്രൈബല്‍ ഫോറമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കലാപത്തിന് പിന്നില്‍ ബിജെപിയാണെന്ന് ട്രൈബല്‍ ഫോറം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മണിപ്പുരിലെ പ്രബല മെയ്ത്തീ വിഭാഗത്തെ എസ്ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ചോദ്യംചെയ്ത് മണിപ്പുര്‍ നിയമസഭയിലെ ഹില്‍ ഏരിയ കമ്മിറ്റി അധ്യക്ഷനും ബിജെപി എംഎല്‍എയുമായ ദിന്‍ഗാങ്ഗ്ലുങ് ഗാങ്മീയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മെയ്ത്തീ വിഭാഗക്കാര്‍ ഗോത്രവിഭാഗമല്ലെന്ന വാദമാണ് ബിജെപി എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ ഉയര്‍ത്തുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *