മണിപ്പൂരില്‍ പൊലീസ് വ്യൂഹത്തിന് നേരെ കലാപകാരികളുടെ ഗറില്ലാ ആക്രമണം.
ഗുഹാവത്തി: മണിപ്പൂരില്‍ പൊലീസ് വ്യൂഹത്തിന് നേരെ കലാപകാരികളുടെ ഗറില്ലാ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കലാപകാരികളെന്ന് സംശയിക്കുന്നവരുടെ ആക്രമണത്തില്‍ നിരവധി പോലീസ് കമാൻഡോകള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് പൊലീസ് സംഘത്തിന് നേരേയും ആക്രമണമുണ്ടായത്.
ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മോറേ എന്ന സ്ഥലത്ത് വെച്ചായിരുന്നു സബ്-ഡിവിഷണല്‍ പോലീസ് ഓഫീസറായ ചിങ്താം ആനന്ദ് കൊല്ലപ്പെട്ടത്. അക്രമികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാവിലെയോടെയാണ് ചിങ്താം ആനന്ദിന് വെടിയേറ്റത്. ഡ്യൂട്ടിയിലായിരുന്ന ആനന്ദ് മോറേയില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ആക്രമണം നേരിട്ടത്. വയറില്‍ വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ സമീപത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദൂരെ നിന്നുള്ള ആക്രമണമായതിനാല്‍ സ്നൈപ്പര്‍ ആക്രമണമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ നടുക്കും രേഖപ്പെടുത്തി മുഖ്യമന്ത്രി ബിരേന്‍ സിങ് ഉള്‍പ്പെടേയുള്ളവര്‍ രംഗത്ത് വന്നു. രക്തം മരവിപ്പിക്കുന്ന കൊലപാതകമാണ് നടന്നത്. ചിങ്താം ആനന്ദിന്റെ മരണത്തില്‍ അതീവമായ ദുഃഖമുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുക്കി ഭൂരിപക്ഷ പ്രദേശമാണ് മോറേ. കലാപത്തിന് പിന്നാലെ മേഖലയില്‍ വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര സംഘടനകള്‍ രംഗത്തുണ്ട്.