ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ ഇന്നലെ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ ഇന്നലെ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.
നാല് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പ് ഉണ്ടായത്. ഇതിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. മെയ്തെയ്, കുക്കി, നാഗ വിഭാഗങ്ങള്‍ തമ്മില്‍ ദിവസങ്ങളായി സംസ്ഥാനത്ത് സംഘര്‍ഷം നടക്കുകയാണ്.
മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താൻ ഇരിക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംസ്ഥാനത്ത് ഇതുവരെ കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും ആരാധാനാലയങ്ങളും വാഹനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. കലാപം ഇതുവരെ നിയന്ത്രണവിധേയമാക്കാൻ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നാണ് പുതിയ സംഘര്‍ഷം ചൂണ്ടിക്കാണിക്കുന്നത്.
മെയ്തെയ് വിഭാഗത്തിൻ്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമായ മെയ്തെയ്, 35 ശതമാനത്തോളം വരുന്ന ഗോത്ര വിഭാഗക്കാരായ നാഗ, കുക്കി എന്നിവരാണ് പരസ്പരം പോരടിക്കുന്നത്. മെയ്തെയ് വിഭാഗക്കാര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. നാഗ, കുക്കി വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തില്‍പ്പെട്ടവരാണ്. ഫലത്തില്‍ ഇത് ഹിന്ദു – ക്രിസ്ത്യൻ കലാപമായി മാറുകയാണ്. അതിനാലാണ് ഇരു വിഭാഗവും നിരവധി ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത്.
1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും ഇത് തിരികെ വേണമെന്നുമാണ് മെയ്തെയ് വിഭക്കാരുടെ ആവശ്യം. മെയ്തെയ്ക്ക് പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്ന ആശങ്കയിലാണ് കുക്കികളും നാഗ വിഭാഗക്കാരും.