മന്ത്രവാദകേന്ദ്രത്തിലെ തടവറയില്‍നിന്ന് എട്ടു വയസുകാരി അടക്കം മൂന്നുപേരെ മോചിപ്പിച്ചു. മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രമായ വാസന്തിമഠത്തില്‍നിന്നുമാണ് ഇന്നലെ എട്ട് വയസുകാരിയെയും മാതാവിനെയും മുത്തശിയെയും സി.പി.എം.
പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്
കോന്നി: മന്ത്രവാദകേന്ദ്രത്തിലെ തടവറയില്‍നിന്ന് എട്ടു വയസുകാരി അടക്കം മൂന്നുപേരെ മോചിപ്പിച്ചു. മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രമായ വാസന്തിമഠത്തില്‍നിന്നുമാണ് ഇന്നലെ എട്ട് വയസുകാരിയെയും മാതാവിനെയും മുത്തശിയെയും സി.പി.എം.
പ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. പൊതീപ്പാട് കേന്ദ്രീകരിച്ച് മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിക്കൊണ്ടിരുന്ന ശോഭന (വാസന്തി) 10 ദിവസമായി ഇവരെ പൂട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഇലന്തൂര്‍ നരബലി കേസിന്റെ സമയത്ത് ശോഭനയെയും ഭര്‍ത്താവ് ഉണ്ണിക്കൃഷ്‌ണനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഉണ്ണിക്കൃഷ്‌ണനൊപ്പം ജയിലില്‍ ഉണ്ടായിരുന്ന തട്ടിപ്പ് കേസ് പ്രതി പത്തനാപുരം സ്വദേശി അനീഷീന്റ ഭാര്യ ശുഭ, എട്ട് വയസുള്ള മകള്‍, അനീഷിന്റെ അമ്മ എസ്‌തര്‍ എന്നിവരെയാണ് ആഹാരം പോലും കൊടുക്കാതെ പൂട്ടിയിട്ടത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും അനുമതി നിഷേധിച്ചത്രേ.
സാമ്ബത്തിക ഇടപാടില്‍ വഞ്ചനാക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച് വരുകയായിരുന്ന അനീഷും ഭാര്യ ശുഭയും. ജ്യാമ്യത്തിലിറങ്ങി ലോഡ്‌ജില്‍ താമസിച്ചു വരികയായിരുന്നു. ജയിലില്‍ വച്ചുള്ള പരിചയത്തിന്റെ അടിസ്‌ഥാനത്തില്‍ ശോഭനയും ഭര്‍ത്താവ് ഉണ്ണിക്കൃഷ്‌ണനും ജനുവരിയില്‍ അനീഷിനെയും ഭാര്യയെയും മകളെയും എസ്‌തറിനെയും കുട്ടിക്കൊണ്ട് വരികയായിരുന്നു. ഇവരുടെ സാമ്ബത്തിക ഇടപാടില്‍ സഹായിക്കാമെന്ന് പറഞ്ഞ് വാസന്തി മഠത്തില്‍ താമസിപ്പിച്ചു. തുടര്‍ന്നു കുറച്ച് പണം അനീഷിനു കൊടുത്തതായി പറയുന്നു. ഈ പണം തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ജനുവരി മുതല്‍ എട്ടു വയസുകാരിയെ ഉപയോഗിച്ച് ആഭിചാരകര്‍മ്മങ്ങള്‍ നടത്തിയത്രേ. കഴിഞ്ഞ പത്തു ദിവസമായി ക്രൂരമായ മര്‍ദനത്തിനു പുറമേ കൊന്ന് വാഴയിലയില്‍ കിടത്തുമെന്നു ശോഭന ഭീഷണിപ്പെടുത്തിയെന്നും ശുഭ പറഞ്ഞു.
ഒക്‌ടോബറില്‍ കൊച്ചു കുട്ടിയെ ഉപയോഗിച്ച് ആഭിചാരക്രിയ നടത്തിയതിനു ശോഭനയും ഭര്‍ത്താവും റിമാന്‍ഡിലായിരുന്നു. ജ്യാമ്യത്തിലിറങ്ങി വീണ്ടും ആഭിചാരം നടത്തി വരികയായിരുന്നു. അന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. നിസാമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
സി.പി.എം ലോക്കല്‍ സെക്രട്ടറി എസ്. ബിജു, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം വി. ശിവകുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗം മിഥുന്‍ ആര്‍. നായര്‍, പഞ്ചായത്തംഗങ്ങളായ എം. മഞ്‌ജേഷ്, രജനീഷ്, സി.ഡി.എസ്. ചെയര്‍പഴ്‌സണ്‍ എ. ജലജകുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്‌ഥലത്തെത്തിയാണ് തടവില്‍ കിടന്നവരെ മോചിപ്പിച്ചത്.
തുടര്‍ന്നു മലയാലപ്പുഴ എസ്.ഐ: ടി. അനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌ഥലത്തെത്തി ശുഭയേയും മകളേയും അനീഷിന്റെ അമ്മയേയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവരുടെ മൊഴിയെടുത്ത് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ശോഭനയും ഭര്‍ത്താവും സ്‌ഥലത്തില്ലായിരുന്നു. ഒളിവില്‍പോയ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് പറഞ്ഞു