മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ

January 22, 2022
269
Views

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു.മരക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമും പട്ടികയിലുണ്ട്. ആകെ 276 സിനിമകളാണ് പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബർ രണ്ടിനാണ് മരക്കാർ റിലീസിനെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസായി. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിച്ചത്. വിഖ്യാത സംവിധായകൻ ഐവി ശശിയുടെ മകൻ അനി ഐവി ശശിയും പ്രിയദർശനൊപ്പം തിരക്കഥയിൽ പങ്കാളിയായി.മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു. 16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം.

തീയറ്റർ റിലീസിനു ശേഷം സിനിമ ആമസോൺ പ്രൈമിലും സ്ട്രീം ചെയ്തു. ഇതിനു പിന്നാലെ സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിലായിരുന്നു. എരുമേലി പൊലീസ് പിടികൂടിയത് കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ്. സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഫീസിനെ തിരിച്ചറിഞ്ഞത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.കോട്ടയം എസ്‍പി ഡി ശിൽപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. നല്ല പ്രിൻറ് ആണെന്നും ഹെഡ്സൈറ്റ് ഉപയോഗിച്ച് കേൾക്കണമെന്നുമുള്ള കുറിപ്പ് സഹിതം പ്രിൻറ് പല ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുത്ത നസീഫിനെ സൈബർ പൊലീസ് നിരീക്ഷിച്ചിരുന്നു. മൊബൈൽ കട ഉടമയാണ് ഇയാൾ.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *