ന്യൂഡല്‍ഹി: നെതര്‍ലാൻഡ് യുവതിക്ക് വരണമാല്യം ചാര്‍ത്തിയത് ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവ്. ഉത്തര്‍പ്രദേശ് ഫത്തേഹ്പൂര്‍ ജില്ലയിലുളള ഹര്‍ദ്ദിക് വര്‍മ (32)ആണ് നെതര്‍ലൻഡ് സ്വദേശിനിയായ ഗബ്രിയേല ഡ്യൂഡയെ (21) ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിച്ചത്.
കഴിഞ്ഞ മാസം 29നായിരുന്നു വിവാഹം. ദമ്ബതികളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഹര്‍ദ്ദിക് ജോലിക്കായി നെതര്‍ലൻഡില്‍ എത്തുന്നത്. നെതര്‍ലൻഡിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറാണ് ഹര്‍ദ്ദിക്. ഇരുവരും താമസിച്ചിരുന്നത് ഒരു സ്ഥലത്തായിരുന്നു. അങ്ങനെയാണ് ദമ്ബതികള്‍ സൗഹൃദത്തിലാകുന്നത്. ഹര്‍ദ്ദിക്കാണ് ഗബ്രിയേലയോട് ആദ്യമായി പ്രണയം തുറന്നുപറയുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തിയത്.
തീരുമാനത്തിനൊടുവില്‍ ഹര്‍ദ്ദിക് വിവരം മാതാപിതാക്കളെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയോടെ ഇരുവരും നാട്ടിലെത്തി. ഗബ്രിയേലുമായുളള വിവാഹത്തിന് കുടുംബം നല്‍കിയ പിന്തുണ വലുതായിരുന്നുവെന്ന് ഹര്‍ദ്ദിക് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തില്‍ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ഹര്‍ദ്ദികിന്റെ മാതാപിതാക്കള്‍ ഗുജറാത്തിലാണ് സ്ഥിരതാമസം. ഫത്തേഹ്പൂരാണ് ജനിച്ച് വളര്‍ന്നത്. അതിനാലാണ് വിവാഹം ഇവിടെ വച്ച് നടത്തിയതെന്ന് ഹര്‍ദ്ദിക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഗാന്ധിനഗറില്‍ വച്ച് ഈ മാസം 11ന് വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.ഗബ്രിയേലയുടെ കുടുംബാംഗങ്ങള്‍ അവിടെയെത്തും. ഡിസംബര്‍ 25ന് തിരികെ നെതര്‍ലാൻഡിലേക്ക് മടങ്ങും. അവിടെവച്ച് ക്രിസ്റ്റ്യൻ മതാചാര പ്രകാരം പളളിയിലും വിവാഹിതരാകും’-ഹര്‍ദ്ദിക് പറഞ്ഞു.