അച്ഛന്റെ മനസ് തന്നോടൊപ്പം ഉണ്ടെന്ന ആത്മബലത്തില്‍ ശ്രീലക്ഷ്മി സുമംഗലിയായി.
തിരുവനന്തപുരം: അച്ഛന്റെ മനസ് തന്നോടൊപ്പം ഉണ്ടെന്ന ആത്മബലത്തില്‍ ശ്രീലക്ഷ്മി സുമംഗലിയായി. തിരുവനന്തപുരം വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് രാവിലെ ശിവഗിരിയിലെ ശാരദാ മഠത്തില്‍ വച്ച് നടന്നു.
ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. കല്യാണത്തിന് മുൻപ് അച്ഛന്റെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് മകള്‍ വിവാഹ മണ്ഡപത്തിലേയ്ക്ക് എത്തിയത്. ചെറിയ രീതിയിലാണ് വിവാഹ ചടങ്ങ് നടന്നത്.
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കഴിഞ്ഞ മാസം 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തുടര്‍ന്ന് അന്ന് മാറ്റിവച്ച വിവാഹമാണ് ഇപ്പോള്‍ നടന്നത്. രാജുവിന്റെ മരണ ശേഷം ശ്രീലക്ഷ്മിയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്കി വിനുവും കുടുംബവും ഒപ്പം ഉണ്ടായിരുന്നു.
വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ ജി രാജുവാണ് കൊല്ലപ്പെട്ടത്. വിവാഹാലോചന നിരസിച്ചതിനാണ് വിവാഹത്തലേന്ന് അര്‍ദ്ധരാത്രി മകളുടെ മുന്നിലിട്ട് പിതാവിനെ അടിച്ചുകൊന്നത്. സംഭവത്തില്‍ അയല്‍വാസികളായ വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ അറസ്റ്റിലായിരുന്നു.
ഒന്നരവര്‍ഷത്തിനിടെ പലതവണ ശ്രീലക്ഷ്മിയെ വിവാഹം ആലോചിച്ച് ജിഷ്ണു എത്തിയിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയും ക്രിമിനലുമായ ജിഷ്ണുവിന് മകളെ നല്കാൻ രാജു തയ്യാറല്ലായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായക്കാരുമാണ്. ശ്രീലക്ഷ്മിക്കും താത്പര്യമില്ലായിരുന്നു. എം.എസ്സി ജിയോളജിക്കാരിയാണ് ശ്രിലക്ഷ്മി. ജിഷ്ണുവിന് പറയത്തക്ക വിദ്യാഭ്യാസമില്ല.
വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്. കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.