കളമശേരിയിലെ സമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്‍ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം മൂന്നായി.
പരിക്കേറ്റ് ചികിത്സയിലായിരുന്ന കടുവന്‍കുഴി വീട്ടില്‍ ലിബിന (12) യാണ് ഇന്ന് പുലര്‍ച്ചെ 12.40ന് മരിച്ചത്. 95 ശതമാനം പൊള്ളലേറ്റ കുട്ടി വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശപ്രകാരം നല്‍കി വരികയായിരുന്നു. എന്നാല്‍, മരുന്നുകളോട് പ്രതികരിക്കാതെ വരികയും ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളിലായി 52 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 30 പേര്‍ ചികിത്സയിലുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്.
എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് ഇന്നലെ മരിച്ചത്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച ലയോണ പൗലോസിനെ രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെതുടര്‍ന്ന് ബന്ധു പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ലയോണ ഒറ്റക്കാണ് കണ്‍വന്‍ഷനെത്തിയത്. ഇവരുടെ കൈയിലുണ്ടായിരുന്ന മോതിരം കണ്ടാണ് ബന്ധു തിരിച്ചറിഞ്ഞത്. വിദേശത്തുള്ള മകള്‍ നാളെ എത്തും. ഇവര്‍ കൂടി മൃതദേഹം തിരിച്ചറിയേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ മൃതദേഹം വിട്ടുകൊടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയുള്ളു. അടുത്ത ബന്ധുക്കള്‍ സ്ഥലത്ത് ഇല്ലാത്തതാണ് മൃതദേഹം തിരിച്ചറിയാന്‍ വൈകിയത്.