കഅ്ബയെ പുതിയ പുടവ (കിസ്വ) ബുധനാഴ്ച പുതപ്പിക്കും.
ജിദ്ദ: കഅ്ബയെ പുതിയ പുടവ (കിസ്വ) ബുധനാഴ്ച പുതപ്പിക്കും. മുഹറം മാസത്തിലെ ആദ്യ ദിവസമായ ബുധനാഴ്ച കഅ്ബയുടെ ആവരണമായ ‘കിസ്വ’ മാറ്റി അണിയിക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇരുഹറം കാര്യാലയത്തിന് കീഴിലെ കിങ് അബ്ദുല്‍ അസീസ് കിസ്വ നിര്‍മാണ സമുച്ചയത്തില്‍ പൂര്‍ത്തിയായി.
മുമ്ബ് അറഫ ദിനമായ ദുല്‍ഹജ്ജ് ഒമ്ബതിനാണ് പുതിയ കിസ്വ അണിയിക്കല്‍ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മുഹര്‍റം ആദ്യത്തിലേക്ക് ആ ചടങ്ങ് മാറ്റി പുനഃക്രമീകരിക്കുകയായിരുന്നു.
കിസ്വ അണിയിക്കല്‍ ചടങ്ങില്‍ മന്ത്രിമാര്‍, അമീര്‍മാര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പെങ്കടുക്കും. മേല്‍ത്തരം പട്ടില്‍ 10 ഘട്ടങ്ങളിലായാണ് കിസ്വ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. വിദഗ്ധരായ 200 ഓളം ജീവനക്കാര്‍ ഇതിനായി കിസ്വ സമുച്ചയത്തിലുണ്ട്. വസ്ത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും തുന്നുന്നതിനും ശേഷം വെള്ളി, സ്വര്‍ണനൂലുകള്‍ ഉപയോഗിച്ച് ഖുര്‍ആൻ വാക്യങ്ങള്‍ ആലേഖനം ചെയ്യുന്നതിനും ലോകത്തിലെ ഏറ്റവും ഉയര്‍ന്നതരം ഉപകരണങ്ങളാണ് സമുച്ചയത്തിലുള്ളത്. കിസ്വ നിര്‍മാണത്തിന് 120 കിലോ സ്വര്‍ണനൂലും100 കിലോ വെള്ളിനൂലും ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.