നിയമസഭാ സമ്മേളനം ജൂണ്‍ 10 മുതല്‍ ആരംഭിക്കും

June 9, 2024
66
Views

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂണ്‍ 10ന് ആരംഭിക്കും. പ്രധാനമായും 2024-25 സാമ്ബത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകള്‍ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.

2024 ഫെബ്രുവരി 5-ാം തീയതി സഭയില്‍ അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന അതത് സബ്ജക്‌ട് കമ്മിറ്റികള്‍ നിർവ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകള്‍ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവച്ചിട്ടുള്ളത്.

സമ്മേളന കാലയളവില്‍ അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കും 8 ദിവസം ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 2024-25 സാമ്ബത്തിക വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും വർഷത്തെ ആദ്യ ബാച്ച്‌ ഉപധനാഭ്യർഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂണ്‍ 10 ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാ നടപടികള്‍ നിർത്തിവച്ചുകൊണ്ട്, മെമ്ബേഴ്‌സ് ലോഞ്ചില്‍ വച്ച്‌ 15-ാം കേരള നിയമസഭയിലെ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. തുടർന്ന്, 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍, 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്‍ എന്നിവ അവതരിപ്പിക്കുന്നതും സബ്ജക്‌ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി അയയ്ക്കുന്നതുമാണ്. ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള മറ്റ് ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച്‌ കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും.

സമ്മേളനത്തിനിടയില്‍ ജൂണ്‍ 13, 14, 15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം ലോക കേരള സഭയുടെ പ്രധാന വേദിയായ ശങ്കരനാരായണൻ തമ്ബി മെമ്ബേഴ്‌സ് ലോഞ്ചില്‍ വച്ച്‌ നടക്കും. നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച്‌ ജൂലൈ 25 ന് സമ്മേളനം അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവില്‍ കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *