മേപ്പടിയാന്‍ സിനിമക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമയിലെ നിസാരകാര്യങ്ങളാണ് വലിയ പ്രശ്‌നമാക്കുന്നതെന്ന് വിഷ്ണു മോഹന്‍ പറഞ്ഞു. സേവാഭരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതാണ് വലിയ പ്രശ്‌നമെന്നും കൊവിഡിനിടയില്‍ സേവാഭാരതി സൗജന്യമായാണ് ആംബുലന്‍സ് നല്‍കിയതെന്നും വിഷ്ണു പറഞ്ഞു.
‘കൊവിഡിന്റെ സമയമായതിനാല്‍ ആംബുലന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. 12000 മുതല്‍ 15000 വരെ വാടകയാണ് ചോദിച്ചിരുന്നത്. ആ സമയത്ത് സേവാഭാരതി സൗജന്യമായി ആംബുലന്‍സ് നല്‍കി, അതുകൊണ്ടാണ് താങ്ക്‌സ് കാര്‍ഡില്‍ സേവാഭാരതി കൊടുത്തത്, അതിനെയൊക്കെ അളുകള്‍ ചോദ്യം ചെയ്യുകയാണ്,’ വിഷ്ണു പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആണ് സേവാഭാരതി എന്നും അവരുടെ പേര് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും വിഷ്ണു ചോദിച്ചു. നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോയെന്നും ഈ ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ലെന്നും വിഷ്ണു പറഞ്ഞു.
നായകന്‍ കറുപ്പും കുറുപ്പും ധരിച്ച് ശബരിമലയില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്നും ഹിന്ദുത്വ അല്ലെങ്കില്‍ വര്‍ഗീയ അജണ്ടകളുണ്ടായിരുന്നെങ്കില്‍ തന്റെ സിനിമ തുടങ്ങുന്ന ഡയലോഗ് കര്‍ത്താവേ എന്നാണെന്നും നായകന്‍ ഒരു പ്രതിസന്ധി ഘട്ടം വരുമ്പോള്‍ മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചാണ് പ്രാര്‍ത്ഥിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.
ഇതിനകത്ത് ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ ഒന്നുമില്ലെന്നും വളരെ മോശം ചിന്താഗതിയും ഉദ്ദേശ്യശുദ്ധിയുമുള്ള ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഫേക്ക് ഐ.ഡിയില്‍ കമന്റിടുന്നതെന്നും വേറെ രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതെന്നും വിഷ്ണു പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ കഴിഞ്ഞ 14നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.