ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാര സമരം: പരാതിയും പ്രതിഷേധവും നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ

November 5, 2021
183
Views

കോട്ടയം: എംജി യൂണിവേഴ്സിറ്റിക്ക് മുന്നിൽ ഗവേഷക വിദ്യാർത്ഥിനി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ​ഗവേഷക വിദ്യാ‍ർത്ഥിനിയുടെ പരാതിയും പ്രതിഷേധവും നിയമസഭയിൽ ഉന്നയിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പ്രതിപക്ഷ നേതാവുമായി കൂടിയാലോചന നടത്തി ഇക്കാര്യം തീരുമാനിക്കുമെന്നും എഐഎസ്എഫിൻ്റെ വനിതാ നേതാവിനെ അധിക്ഷേപിച്ച എസ്എഫ്ഐയുടെ അതേ നിലവാരമാണ് എംജി സ‍ർവകലാശാലയ്ക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എം ജി സർവ്വകലാശാല അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായി അധഃപതിച്ച നിലയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം ​ഗവേഷക വിദ്യാർത്ഥിയുടെ നിരാഹാരസമരം ഒത്തുതീ‍ർപ്പാക്കാനായി കോട്ടയം കളക്ട‍ർ ഇന്ന് ചർച്ച നടത്തും. സർവകലാശാല വൈസ് ചാൻസലറും ​ഗവേഷക വിദ്യാ‍ർത്ഥിനിയുടെ പ്രതിനിധിയും ചർച്ചയിലുണ്ടാവും.

ജാതി അധിക്ഷേപവും ലൈംഗിക അതിക്രമവും ആരോപിച്ച് നിരാഹാരം കിടക്കുന്ന എംജി സർവകലാശാല ഗവേഷക വിദ്യാർത്ഥിനിയെ ഇന്നലെ കൊടിക്കുന്നിൽ സുരേഷ് എംപി സന്ദർശിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് കൊടിക്കുന്നിൽ സമര പന്തലിൽ എത്തിയത്. പരാതിക്കാരിക്ക് നീതി ഉറപ്പാക്കാൻ കഴിയാവുന്നത് ചെയ്യുമെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

വിദ്യാർത്ഥിനിയുടെ പരാതി ഗവർണറെ നേരിട്ട് കണ്ട് ബോധിപ്പിക്കുമെന്നും എംപി അറിയിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ ഗോത്ര കമ്മീഷനുകളുടെ ശ്രദ്ധയിൽ വിദ്യാർത്ഥിനിയുടെ പ്രശ്നം കൊണ്ടു വരുമെന്നും അദ്ദേഹം അറിയിച്ചു. ഗവേഷക വിദ്യാർത്ഥിനിയുടെ നിരാഹാരം ഇന്ന് എട്ടാം ദിവസത്തിലെത്തുകയാണ്. ലൈംഗിക അതിക്രമ പരാതി വിദ്യാർത്ഥിനി ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ല.

ഗവേഷണം പൂർത്തിയാക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് വിസി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ നാനോ സായൻസസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പരാതിക്കാരി. സർവകലാശാലയിലെ ജീവനക്കാരനും ഗവേഷക വിദ്യാർത്ഥിയും പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഇതുവരെ ​ഗവേഷക വിദ്യാ‍ർത്ഥിനി പൊലീസിന് നൽകിയിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *