ചേരാന്‍ കുട്ടികളില്ല; മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു

July 24, 2023
58
Views

കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, പ്രത്യേകിച്ച്‌ മഹാത്മഗാന്ധി സര്‍വകലാശാല.

കൊച്ചി: കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍, പ്രത്യേകിച്ച്‌ മഹാത്മഗാന്ധി സര്‍വകലാശാല.

ജൂലൈ ഒമ്ബതിന് മൂന്നാം അലോട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. ഒരു കാലത്തു ലക്ഷങ്ങള്‍ വിലപറഞ്ഞു വിറ്റിരുന്ന മാനേജ്‌മെന്റ് സീറ്റുകളുടെ കാര്യമാണ് അതിദയനീയം. വെറും 4.4 ശതമാനം സീറ്റില്‍ മാത്രമേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. ഇങ്ങനെ പോയാല്‍ എംജി യൂണിവേഴ്‌സിറ്റിതന്നെ സമീപഭാവിയില്‍ പൂട്ടേണ്ട സ്ഥിതിയാണ്.

മീനച്ചിലാറിന്റെ തീരത്തുള്ള ഒരു കോളജില്‍ ഈ വര്‍ഷം ഫിസിക്‌സിനു ചേര്‍ന്നതു വെറും രണ്ടു പേര്‍. അതേ ജില്ലയിലെ ഒരു കോളജില്‍ എല്ലാ ഡിഗ്രിക്കുംകൂടി ചേര്‍ന്നതു വെറും 57 പേര്‍! 480 കുട്ടികള്‍ ചേരേണ്ട കോളജിലാണ് കഷ്ടിച്ച്‌ ഒരു കഌസിനുള്ള കുട്ടികള്‍ മാത്രം എത്തിയിരിക്കുന്നത്. അതിന് എട്ട് കിലോ മീറ്റര്‍ അടുത്തുള്ള മറ്റൊരു കോളജില്‍ ബിഎ ട്രിപ്പിള്‍ മെയിന് ആരും ചേര്‍ന്നിട്ടില്ല. ഇവിടത്തെ എംഎസ്‌സി മാത്തമാറ്റിക്‌സ് കഴിഞ്ഞ വര്‍ഷമേ പൂട്ടി. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കോളജിലും നൂറോളം പേര്‍ മാത്രമാണ് ചേര്‍ന്നിരിക്കുന്നത്.

മാനേജ്‌മെന്റ് സീറ്റില്‍ ചേരാന്‍ ആളില്ലാത്തതാണ് കോളജുകളുടെ അനുദിന നടത്തിപ്പിനു ഭീഷണിയാകുന്നത്. ഇതിലൂടെ കിട്ടിയിരുന്ന തലവരിപ്പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കോളജിന്റെ അനുബന്ധ ചെലവുകളെല്ലാം മാനേജ്‌മെന്റുകള്‍ നടത്തിയിരുന്നത്. ഈ വരവ് നിലയ്ക്കുന്നതിലൂടെ അറ്റകുറ്റപ്പണികള്‍ക്ക് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ടി വരും. ഇതിന് എത്രപേര്‍ തയാറാകുമെന്നു കണ്ടറിയണം. വലിയ പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കുന്നത് ബിസിഎ എന്ന കോഴ്‌സ് മാത്രമാണ്.

അഞ്ച് ലക്ഷം രൂപവരെ വാങ്ങി അഡ്മിഷന്‍ കൊടുത്തിരുന്ന കോമേഴ്‌സിനുപോലും ആളില്ലാത്ത സ്ഥിതിയാണ്. കോട്ടയം ജില്ലയിലെ ഒരു കോളജിലെ 90 ബികോം സീറ്റില്‍ മൂന്നാം അലോട്‌മെന്റ് കഴിഞ്ഞപ്പോള്‍ നിറഞ്ഞത് 57 മാത്രം. മറ്റൊരു കോളജിലെ 50 സീറ്റില്‍ കുട്ടികള്‍ എത്തിയത് 33 പേര്‍ മാത്രം.! ഫിസിക്‌സ, മത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി എന്നിവയാണ് ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്ന കോഴ്‌സുകള്‍.

മധ്യതിരുവിതാംകൂറില്‍ സംഭവിക്കുന്ന ജനസംഖ്യാകുറവും വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കും എംജി സര്‍വകശാലാശാലയുടെ കുത്തഴിഞ്ഞ പോക്കുമാണ് പ്രതിസന്ധിക്കു കാരണമായി വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.എംജി യൂണിവേഴ്‌സിറ്റി എംജി യൂണിവേഴ്‌സിറ്റി

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *