തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും.
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഡിസംബര്‍ ഏഴിനാകും പുതിയ തെലങ്കാന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ തകര്‍ത്ത് 64 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ ജയിച്ചുകയറിയത്. കോണ്‍ഗ്രസിന്റെ മിന്നുന്ന ജയത്തിന്റെ അമരക്കാരനായിരുന്നു 54കാരനായ രേവന്ത് റെഡ്ഡി.
119 അംഗ സഭയില്‍ 65ലേറെ സീറ്റുകള്‍ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്. കെസിആര്‍ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവണ്‍മെന്റ് ഇദ്ദേഹത്തിന് പരോള്‍ നല്‍കിയിരുന്നത്.നിയമസഭാ പോരാട്ടത്തില്‍ കാമറെഡ്ഢി മണ്ഡലത്തില്‍ കെസിആറിനെതിരെ മത്സരിക്കാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും റെഡ്ഢി കാണിച്ചു.