ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനാണ് ജോര്‍ജ് കുര്യന്‍. അപ്രതീക്ഷിതമായിട്ടാണ് കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്.
ജോർജ് കുര്യന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. പാർട്ടിയുടെ ന്യൂനപക്ഷമാണ് അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍.
അതേസമയം സുരേഷ് ഗോപി കേന്ദ്രമന്ത്രിയായേക്കും. ടൂറിസമോ സംസ്‌കാരികമോ ലഭിച്ചേക്കും. രാഷ്‌ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ചാർട്ടേഡ് വിമാനത്തിലാകും ഡല്‍ഹിയിലേക്ക് പുറപ്പെടുക. ഭാര്യ രാധികയ്‌ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും കണക്ടിംഗ് ഫ്ലൈറ്റില്‍ ഡല്‍ഹിയിലേക്കും പോകാനാണ് തീരുമാനം. മക്കളടക്കം കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകും.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ജോർജ് കുര്യന്‍. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായും യുവമോർച്ച ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരില്‍ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ. ക്രൈസ്തവ സമൂഹത്തെ കൂടുതല്‍ ബിജെപിയോട് അടുപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ജോർജ് കുര്യന്റെ സ്ഥാനലബ്ധി.
ജോര്‍ജ് കുര്യന് സഹമന്ത്രി സ്ഥാനവുമാകും ലഭിക്കുക. നിലവില്‍ പാര്‍ലമെന്റ് അംഗമല്ലാത്തതിനാല്‍ ജോര്‍ജ് കുര്യനെ വേറെ ഏതെങ്കിലും സംസ്ഥാനത്തു നിന്നും രാജ്യസഭയിലേക്ക് എത്തിക്കേണ്ടതുണ്ട്. കെ സി വേണുഗോപാല്‍ രാജിവെക്കുന്നതോടെ രാജസ്ഥാനില്‍ രാജ്യസഭാംഗത്വത്തില്‍ ഒഴിവു വരുന്നുണ്ട്.