കുമരകം: മിന്നൽ മുരളി ഒർജിനൽ’ എന്ന് എഴുതിവെച്ച് വീടിന്റെ ജനൽച്ചില്ലുകളും വാതിലും അടിച്ചുതകർത്തു. വാതിൽക്കൽ മലമൂത്രവിസർജനം നടത്തി. ശൗചാലയം തല്ലിത്തകർത്തു. കുമരകത്താണ് മിന്നൽ മുരളി സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ വീടിനു നേരേ ആക്രമണമുണ്ടായത്. ‘വീട് ആക്രമിച്ച ആ ‘മിന്നൽ മുരളി’യെ തേടുകയാണ് പോലീസ്.
പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെൺമക്കളും വെച്ചൂരാണ് ഇപ്പോൾ താമസം.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയിൽ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകൾ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു
സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികൾ പറയുന്നു. മുംബൈ സ്വദേശി ഇവിടെയുള്ള സ്ഥലങ്ങൾ റിസോർട്ടിനായി വാങ്ങിയതോടെ ഉണ്ടായിരുന്ന വീടുകൾ പൊളിച്ചുനീക്കി. ഇതോടെ പ്രദേശം വിജനമായി മാറുകയും സുരക്ഷിതമല്ലാതായി തീരുകയുംചെയ്തു.