കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ ഒളിപ്പിച്ചതായി പോലീസ് കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഹോട്ടലുടമ ഒളിപ്പിച്ചത്. ഇത് സംബന്ധിച്ച് ഹോട്ടലിലെ ജീവനക്കാരനാണ് പോലീസിന് മൊഴി നൽകിയത്.
നവംബർ ഒന്നാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി.ജെ പാർട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ മാറ്റി. ഹോട്ടലുടമ റോയിയുടെ നിർദേശ പ്രകാരം ഡ്രൈവർ ഡി.വി.ആർ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരൻ മൊഴി നൽകിയിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെ മറ്റൊരു കാർ ഇവരെ പിന്തുടർന്നു. ഈ കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നുമാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും ഡി.ജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം.
എന്നാൽ ഡി.ജെ പാർട്ടി നടന്ന ഹാളിലേയും പുറത്തെ പാർക്കിങ് സ്ഥലത്തേയും ദൃശ്യങ്ങളടങ്ങിയ ഡി.വി.ആറാണ് ഹോട്ടലുടമ ഇടപെട്ട് മാറ്റിയത്. അതേ സമയം ഹോട്ടലിന്റെ ബാറിന്റേയും മറ്റ് സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാണ്. ഇതാണ് കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നത്. ഡി.ജെ പാർട്ടിക്ക് ശേഷം ഹോട്ടൽ വിട്ട ഇവരെ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ആക്രമിക്കാനുള്ള ശ്രമം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധന.
രണ്ട് തവണ നമ്പർ 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഡി.ജെ പാർട്ടി നടന്ന ഹാളിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ദൃശ്യങ്ങൾ ഹോട്ടൽ ഉടമ ഇടപെട്ട് മാറ്റിയതാണെന്ന നിർണായക വിവരം ലഭ്യമായത്. ഹോട്ടലുടമ റോയിയെ പോലീസ് ചോദ്യം ചെയ്യും.
അതേസമയം അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അബ്ദുൾ റഹ്മാനെതിരേ മനപൂർവമല്ലാത്ത നരഹത്യകേസിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യുന്നതോടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കും.