സൻആ : യമനിലെ ഹൂതികളുടെ മിസൈല്‍ പതിച്ച് ഏദൻ ഉള്‍ക്കടലില്‍ കപ്പലിന് തീപിടിച്ചു. ആന്റിഗ്വ ആൻഡ് ബാർബുഡ രാജ്യത്തിന്റെ പതാക വഹിച്ച കപ്പലിന്റെ ഫോർവേഡ് സ്റ്റേഷനിലാണ് മിസൈല്‍ പതിച്ചത്.
ആർക്കും പരിക്കില്ല.
കപ്പല്‍ ജീവനക്കാർ ഉടൻ തീ കെടുത്തിയെന്ന് സ്വകാര്യ സുരക്ഷ ഏജൻസിയായ ആംബ്രെ അറിയിച്ചു. രണ്ടാമത് വിട്ട മിസൈലിന് ലക്ഷ്യംതെറ്റി. സംഭവസമയത്ത് സമീപത്തെ ചെറുബോട്ടുകളില്‍നിന്ന് കപ്പലിന് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ നവംബർ മുതല്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സമുദ്രപാതയില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഇതുവരെയുണ്ടായ അമ്ബതിലേറെ ആക്രമണങ്ങളില്‍ മൂന്ന് നാവികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു കപ്പല്‍ പിടിച്ചെടുക്കുകയും മറ്റൊന്ന് മുക്കുകയും ചെയ്തു.
ഇതിനു തിരിച്ചടിയായി ഹൂതികളെ ലക്ഷ്യമിട്ട് യു.എസ് നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.