ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ ഇന്ന് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോള്‍ ആദ്യം കണ്ടത് സമീപത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍.
കൊല്ലം: ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറ റെജിയെ ഇന്ന് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചപ്പോള്‍ ആദ്യം കണ്ടത് സമീപത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവര്‍.
കാറിലെത്തിയവര്‍ കുട്ടിയെ മൈതാനത്ത് ഇറക്കിനിര്‍ത്തിയ ശേഷം വേഗത്തില്‍ തിരികെ കയറി ഓടിച്ചുപോയെന്ന് കുട്ടിയെ ആദ്യം കണ്ടവര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നും ഇവര്‍ വ്യക്തമാക്കി.
കുഞ്ഞിനെ കണ്ടപ്പോള്‍ തന്നെ ചിത്രങ്ങളില്‍ കണ്ട കുട്ടിയാണെന്ന സംശയം വന്നിരുന്നു. രക്ഷിതാക്കളുടെ ഫോട്ടോ കുഞ്ഞിനെ കാണിച്ച് അബിഗേല്‍ തന്നെയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിന് കുടിക്കാൻ വെള്ളം ഉള്‍പ്പെടെ എത്തിച്ചുനല്‍കി -സ്ഥലത്തുണ്ടായവര്‍ പറയുന്നു.
കുട്ടി ക്ഷീണിതയായാണ് കാണപ്പെട്ടത്. അമ്മയെയും വീട്ടുകാരെയും കാണണമെന്നാണ് കുട്ടി പറഞ്ഞുകൊണ്ടിരുന്നത്. പേര് ചോദിച്ചപ്പോള്‍ അബിഗേല്‍ എന്നും പറഞ്ഞു. ഇന്നലെ ഉറങ്ങിയത് ഒരു വീട്ടിലാണെന്നും ആളുകളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. ഇന്നലെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ഇന്ന് കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തിട്ടില്ല. നാടെങ്ങും വലവിരിച്ച് അന്വേഷണം തുടങ്ങിയതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.