മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് പുറത്താക്കി സിപിഎം

January 28, 2022
102
Views

ഇടുക്കി: മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും, വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റിന് നൽകിയത്.

എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു. മുൻ സിപിഎം എംഎൽഎ സിപിഐയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.

ജാതിയുടെ പേരിൽ താൻ അറിയപ്പെടാനും നേതൃപദവിയിലിരിക്കാനും ആഗ്രഹിക്കുന്നില്ല. അത് പാർട്ടിയിൽ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ആണെന്ന് പാർട്ടി കണ്ടെത്തിയത് കൊണ്ടാകാം നടപടിയെന്നും എസ് രാജേന്ദ്രൻ പറയുന്നു.

ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവ‍ർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല.

രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്നും പാർട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറ‌ഞ്ഞു. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോലും എസ് രാജേന്ദ്രൻ തയ്യാറായിരുന്നില്ല. ഇതിൽ നിന്ന് കൂടി വിട്ടു നിന്നതോടെ പുറത്തേക്കുള്ള പാത രാജേന്ദ്രൻ തന്നെ വെട്ടിയ സ്ഥിതിയായിരുന്നു.

ജില്ലാ സമ്മേളനം കഴിഞ്ഞപ്പോൾ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ എസ് രാജേന്ദ്രൻ ഉൾപ്പടെ എട്ട് പേരെ ഒഴിവാക്കിയിരുന്നു. എന്നാൽ താൻ എന്തുകൊണ്ട് ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തില്ല എന്ന് വിശദീകരിച്ച് എസ് രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *