തൃശൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ ഗുണ്ട കൊടി സുനിയുടെ സെല്ലില്‍ നിന്നും കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണും കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്. ഹെഡ് സെറ്റ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് മാധ്യമം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും സെല്ലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സി ബ്ലോക്കില്‍ കൊടി സുനി ഒറ്റയ്ക്കാണ് കഴിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. നേരത്തെയും സമാന സംഭവങ്ങള്‍ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റു പ്രതികളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. കൊറോണ മാനദണ്ഡങ്ങള്‍ പ്രകാരം ഇപ്പോള്‍ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാല്‍, ജയില്‍ അധികൃതര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാര്‍ട് ഫോണുകള്‍, ഇവ ചാര്‍ജ് ചെയ്യാനുള്ള രണ്ടു പവര്‍ ബാങ്കുകള്‍, ഡേറ്റ കേബിളുകള്‍, മൂന്നു സിം കാര്‍ഡുകള്‍ ഉള്‍പ്പെടെ കൊടി സുനിയുടെ സെല്ലില്‍ നിന്നും ജയിലറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേയും റെയ്ഡില്‍ പിടിച്ചിരുന്നു.